തിരുവനന്തപുരം: കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹ മരണത്തില് വര്ഷങ്ങള്ക്കു ശേഷം പ്രതി അറസ്റ്റില്. കാര്യസ്ഥന് രവീന്ദ്രന് നായരാണ് അറസ്റ്റിലായത്. ജയമാധവന് നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നു സിറ്റി പൊലിസ് കമ്മീഷണര് ഡോ. അരുള് ആര്.ബി. കൃഷ്ണ അറിയിച്ചു.
കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകള്ക്കു പിന്നാലെയാണ് കൂടത്തില് കുടുംബത്തിലെ മരണങ്ങളുടെ യഥാര്ഥ ചിത്രവും മറനീക്കി പുറത്തുവന്നത്.
വര്ഷങ്ങളായി ഈ കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. ജയമാധവന്നായരുടെ മരണം കൊലപാതകമാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഫോറന്സിക് റിപ്പോര്ട്ടായിരുന്നു കേസില് നിര്ണായക വഴിത്തിരിവായത്. ബ്രെയിന് മാപ്പിംഗ് ടെസ്റ്റിലും രവീന്ദ്രന്റെ പങ്ക് പൊലീസിന് വ്യക്തമായിരുന്നു. ഇന്നലെ ചോദ്യംചെയ്യാന് വിളിച്ചുവരുത്തിയ ശേഷം രവീന്ദ്രനെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയമാധവന് നായരുടെ കൊലപാതകത്തിലൂടെ ഭൂമി തട്ടിയെടുക്കുകയായിരുന്നു രവീന്ദ്രന്റെ ലക്ഷ്യം.
15 വര്ഷത്തിനിടെ മരിച്ചത് ഏഴു പേര്
2017ലായിരുന്നു ജയമാധവന് കൊല്ലപ്പെട്ടത്. കൂടത്തില് തറവാട്ടിലെ കോടികളുടെ സ്വത്തിന് അനന്തരവകാശികളാകേണ്ട ഏഴുപേര് പതിനഞ്ചു വര്ഷത്തിനിടെ മരിച്ചു. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന് നായരുടെ സഹോദരന് വേലുപ്പിള്ളയുടെ മകന് ഉണ്ണികൃഷ്ണന് നായര്, ഗോപിനാഥന് നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന് ജയമാധവന് എന്നിവരാണ് മരിച്ചത്.
ഇവര്ക്ക് അവകാശം ഉണ്ടായിരുന്ന സ്വത്തുക്കള് ഇഷ്ടദാനമെന്ന പേരില് കാര്യസ്ഥനായ രവീന്ദ്രന് നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തി. ഇതില് സംശയം ഉന്നയിച്ച് ആദ്യം നാട്ടുകാരനായ അനില്കുമാറും പിന്നീട് ബന്ധുവായ പ്രസന്നകുമാരിയമ്മയുമാണു പരാതികള് നല്കിയത്. വില്പത്രം തയാറാക്കിയതു വ്യാജമായിട്ടാണെന്ന് തുടക്കത്തിലേ കണ്ടെത്തി. ഇഷ്ടദാനമെന്നതു കള്ളമാണെന്നും കാര്യസ്ഥന് രവീന്ദ്രന് നായര് വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തതാണെന്നും ഉറപ്പിച്ചു.
ജയമാധവന്റെ മരണത്തിൽ സംശയം
കൂടത്തില് വീട്ടിലെത്തുമ്പോള് കട്ടിലില്നിന്നു വീണു കിടക്കുന്ന ജയമാധവന് നായരെ കാണുകയും ഓട്ടോറിക്ഷയില് മെഡിക്കല് കോളജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു എന്നായിരുന്നു രവീന്ദ്രന് നായര് അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നത്. വീട്ടുജോലിക്കാരി ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവന് നായര് മരിച്ചതായി അറിയിച്ചതിനെത്തുടര്ന്ന് രവീന്ദ്രന് നായരും ലീലയും ഓട്ടോയില് കരമന പൊലിസ് സ്റ്റേഷനിലെത്തി.
എന്നാല്, ഇരുവരുടെയും മൊഴികളില് വൈരുധ്യമുണ്ടെന്ന് പൊലിസ് അപ്പോഴേ മനസിലാക്കി. ഈ വൈരുധ്യം അന്വേഷണസംഘം വിശദമായി പരിശോധിച്ചു. ജയമാധവന് നായരെ ആദ്യം ആശുപത്രിയിലേക്കു കൊണ്ടുപോയതായി പറഞ്ഞ ഡ്രൈവര് പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയില് പോയിട്ടില്ലെന്നും അഞ്ചു ലക്ഷം രൂപ രവീന്ദ്രന് നായര് വാഗ്ദാനം ചെയ്തതുകൊണ്ടാണു കള്ളം പറഞ്ഞതെന്നുമായിരുന്നു ഓട്ടോ ഡ്രൈവറുടെ രണ്ടാം മൊഴി.
അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവര് തന്റെ വണ്ടി രാത്രി സ്ഥിരമായി പാര്ക്ക് ചെയ്തിരുന്നതു കൂടത്തില് തറവാട്ടിലായിരുന്നു. എന്നാല് ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവന് നായരെ മെഡിക്കല് കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയതില് ദുരൂഹതയുണ്ടെന്നു കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയും മൊഴി നല്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് ഇപ്പോള് അറസ്റ്റിലേക്ക് നീങ്ങിയിരിക്കുന്നത്. ജയമാധവന് കട്ടിലില്നിന്നു വീണപ്പോള് തലയ്ക്കേറ്റ പരിക്കാകാം മരണ കാരണമെന്നായിരുന്നു പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
മുറിവുകള് എങ്ങനെ സംഭവിച്ചെന്നറിയാനാണ് ഫോറന്സിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷണമടക്കം അന്വേഷണസംഘം ശേഖരിച്ചിരുന്നു. സ്വത്ത് കൈമാറ്റത്തിനുള്ള വില്പത്രം രവീന്ദ്രന് വ്യാജമായി തയാറാക്കിയതാണന്ന് തെളിഞ്ഞിട്ടുള്ളത് കണക്കിലെടുത്താണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിയത്.
സ്വത്തിനുവേണ്ടി കൊലപാതകം
കരമന കൂടത്തില് കുടുംബത്തിന്റെ സ്വത്തായിരുന്നു കാര്യസ്ഥനായ രവീന്ദ്രൻ നായരുടെ ലക്ഷ്യം. ഇതിനായി അവകാശിയായ ജയമാധവനെ കൊലപ്പെടുത്തുകയായിരുന്നു. ജയമാധവൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും സ്വത്തുക്കൾ നഷ്ടപ്പെടുമെന്നു മനസിലാക്കുകയും ചെയ്ത രവീന്ദ്രൻ നായർ രണ്ടു സഹായികളുടെ സഹായത്തോടെയാണു കൊലപാതകം നടത്തിയത്.
കുടുംബത്തിൽ മുൻപ് നടന്ന മരണങ്ങളിലും സംശയമുണ്ട്. സ്വത്ത് തട്ടിയെടുക്കാൻ വ്യാജരേഖ തയാറാക്കിയ കാര്യസ്ഥൻ മറ്റുള്ളവരെയും കൊലപ്പെടുത്തിയതാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.